Kerala NewsLatest NewsNews

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീംകോടതിയിലേക്ക്; കേസ് പിന്‍വലിക്കാനുളള തീരുമാനം അംഗീകരിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തു. സര്‍ക്കാരിന്‍റെ ഈ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടല്‍ മൂലമാണ് പ്രോസിക്യൂട്ടര്‍ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭയ്ക്ക് അകത്തു നടന്ന സംഭവത്തില്‍ സ്‌പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സ്‌പീക്കറുടെ അനുമതിയില്ലാതെ, നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ല. എം എല്‍ എമാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എം എല്‍ എമാര്‍ വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ചൊവാഴ്‌ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേരള രാഷ്‌ട്രീയത്തില്‍ ഏറെ വിവാദം സൃഷ്‌ടിച്ച കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം ആറ് ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തത്.

2015ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നിയസഭയില്‍ കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയായിരുന്നു സംഭവം. 2015 മാര്‍ച്ച്‌ 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button