ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ സർക്കാർ പിൻവലിച്ചു.

കേരളത്തിൽ ഞായറാഴ്ചകളിൽ ഉണ്ടായിരുന്ന സമ്പൂര്‍ണ ലോക്‌ഡൗൺ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദം നൽകി. നടന്നുവന്ന വിവിധ പരീക്ഷകൾ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. മദ്യശാലകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബവ്ക്യൂ ആപ്പിൽ ഇതിന്റെ ഭാഗമായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ സമ്പൂര്‍ണ ലോക്‌ഡൗൺ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിയിട്ടുമുണ്ട്.