ലോക്ക്ഡൗണ്‍ ലംഘനം; മിഠായിത്തെരുവില്‍ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്
കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മിഠായിത്തെരു. നിയമന ലംഘനത്തില്‍ 70 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ടിപിആര്‍ 15ന് താഴെയുള്ള പ്രദേശങ്ങളിലെ കടകളാണ് തുറന്നത്. ആവശ്യസാധനങ്ങള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്സ്, ഫാന്‍സി സ്വര്‍ണക്കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ പറയുന്നത്.
അതേസമയം 14 കടകള്‍ക്കെതിരെയും 56 വ്യക്തികള്ക്കുമെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും വ്യക്തമാക്കിയ പൊലിസ് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെച്ചൊല്ലി കോഴിക്കോട്ട് പൊലിസും വ്യാപാരികളും രണ്ടു തട്ടിലാണ്. പക്ഷേ അപ്രായോഗിക നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തുറന്നടിച്ചു.
ഇളവുകള്‍ ഉണ്ടെങ്കിലും പോലീസിന്റെ ശക്തമായ നിയന്ത്രണത്തില്‍ തന്നെയാണ് ബക്രീദ് ആഘോഷങ്ങള്‍ ഉള്‍പ്പെടെ നടത്താനാകൂ. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.എന്നാല്‍ രണ്ടു ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച സ്റ്റാഫുകളെ ഉപയോഗിച്ച് മാത്രമേ ഷോപ്പ് തുറക്കാന്‍ പറ്റു.