Kerala NewsLatest NewsLaw,News

കെഎഎസുകാരുടെ ശമ്പളത്തില്‍ മാറ്റമില്ല; ഐഎഎസുകാരുടെ പ്രതിഷേധത്തിന് പുല്ലുവില

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുകാരുടെ (കെഎഎസ്) ശമ്പളത്തില്‍ ഉന്നയിച്ച പ്രതിഷേധത്തെ അവഗണിച്ച് സര്‍ക്കാര്‍. കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും.

വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കിയത്. അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. ഇതിനുപകരം വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടുത്തി.

പരിശീലനം കഴിയുമ്പോള്‍ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കാനാണ് തീരുമാനം. 81,800 രൂപ അടിസ്ഥാന ശമ്പളത്തിനു പുറമേ ഡിഎയും എച്ച്ആര്‍എയും കെഎഎസുകാര്‍ക്കു ലഭിക്കും. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കുമ്പോള്‍ കെഎഎസ് ട്രെയ്‌നികള്‍, കെഎഎസിലെ മറ്റു സ്ഥാനക്കയറ്റ തസ്തികകള്‍ എന്നിവയ്ക്ക് അനുവദിക്കാവുന്ന ശമ്പള സ്‌കെയിലുകള്‍ തയാറാക്കുന്നത് കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തും. ട്രെയ്‌നിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായ 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും.

ട്രെയ്‌നിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളം മാത്രമേ ഉണ്ടായിരിക്കൂ. മുന്‍ സര്‍വീസില്‍നിന്ന് കെഎഎസില്‍ പ്രവേശിച്ചവര്‍ക്ക് അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ എതാണോ കൂടുതല്‍ അത് അനുവദിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷ്യല്‍ പേ നല്‍കണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button