international newsLatest NewsLocal NewsWorld

ഇന്ത്യയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ല; നാളെ മുതൽ 50 ശതമാനം താരിഫ് പ്രാബല്യത്തിൽ

ഇറക്കുമതി തീരുവ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് വ്യക്തമാക്കിയ യുഎസ്, ഇതിനായി ഔദ്യോഗിക നോട്ടീസും നൽകി. ഓഗസ്റ്റ് 27 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. റഷ്യ–യുക്രെയ്ൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഉയർത്താനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാസത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നതാണ്. നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എത്ര സമ്മർദ്ദം വന്നാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തി ഇന്ത്യ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, സംരക്ഷണവാദ നടപടികൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും, പൗരന്മാരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ലോകം സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളെയാണ് അനുഭവിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നിടത്തുനിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുമെന്നതാണ് നിലപാട്. റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കിയത് പ്രകാരം, റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ ചുമത്തിയത് നീതികരിക്കാനാവാത്തതാണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. 50 ശതമാനം തീരുവ ട്രംപ് നടപ്പാക്കിയാൽ, ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tag: No compromise against India; 50 percent tariff effective from tomorrow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button