കര്‍ണാടക അതിര്‍ത്തി സാധാരണ നിലയില്‍, പരിശോധന നടത്തുന്നില്ല

കേരളത്തില്‍ നിന്ന് വരുന്നവര്‍ അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് വേണമെന്ന നിബന്ധനയില്‍ വ്യാഴാഴ്ചയും കര്‍ണാടക അയവ് വരുത്തി. അതിര്‍ത്തിയില്‍ ഉച്ചവരെ ആരെയും തടഞ്ഞില്ല. വാഹനങ്ങളും കടത്തി വിടുന്നു. കോവിഡ് പരിശോധനയ്ക്കും കര്‍ണാടക സര്‍കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആരെയും ഇതിന് നിര്‍ബന്ധിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് ചെയ്യാം എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഇനി പരിശോധന പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തിനെതിരെ സമര്‍പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ കര്‍ണാടക ഹൈകോടതി സര്‍കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ പ്രക്ഷോഭവും ശക്തമാക്കിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സര്‍കാര്‍ അയവ് വരുത്തുന്നെതെന്നാണ് സൂചന.
ആരെയും ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ ബുധനാഴ്ച മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദിനേന കര്‍ണാടകയിലേക്ക് പോയി വരുന്നവര്‍ക്ക് എല്ലാ ദിവസവും കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് ഹാജരാക്കുക പ്രയാസകരമാണ്, അത്തരം ആളുകളെ അതിര്‍ത്തിയില്‍ വെച്ചു സ്ക്രീനിംഗ് നടത്തി ലക്ഷണമുള്ളവരെ മാത്രം സര്‍കാര്‍ ഒരുക്കുന്ന ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ നിന്നുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് മൈസൂരു-കുടക് എം പി പ്രതാപസിംഹയും അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് നെഗറ്റീവ് റിപോര്‍ട് കാണിക്കാന്‍ കേരളത്തില്‍നിന്നുള്ളവരെ നിര്‍ബന്ധിക്കരുതെന്നും തെര്‍മല്‍ സ്കാനിങ്ങിനുശേഷം അവരെ കടത്തിവിടണമെന്നുമെന്നാണ് എംപി പറഞ്ഞത്.