പിജി വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ കാണാതായി; നടപടി സ്വീകരിക്കാതെ കാലടി സര്‍വ്വകലാശാല
കാലടി: പിജി വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ കാണാതായിട്ടും പത്ത് ദിവസമായിട്ടും കാലടി സര്‍വ്വകലാശാല നടപടി സ്വീകരിച്ചില്ല. മൂന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ പരീക്ഷ എഴുതിയ 62 വിദ്യാര്‍ത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് കാണാത്തത്.
ഇതേ തുടര്‍ന്ന് പിജി സംസ്‌കൃത സാഹിത്യ റിസല്‍ട്ട് പ്രസിദ്ധീകരണവും വൈകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈമാസം 30ന് സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. അതേസമയം കാണാതായ പേപ്പര്‍ മൂല്യ നിര്‍ണയം നടത്തിയ ശേഷം തിരിച്ചെല്‍പ്പിച്ചെന്നാണ് ചെയര്‍മാന്‍ ഡോ. കെ.എ സംഗമേശന്‍ പറയുന്നത് എന്നാല്‍ ഉത്തര പേപ്പറുകള്‍ തിരിച്ചേല്‍പ്പിച്ചില്ലന്നാണ് വകുപ്പ് മേധാവി കെ ആര്‍ അംബിക വ്യക്തമാക്കുന്നത്.
എ പ്ലസ് കാറ്റഗറിയിലേക്ക് നാക് അക്രഡിറ്റേഷനെ മാറ്റാനുള്ള നടപടികള്‍ നടക്കുന്നതിനിടയിലാണ് ഇത്തരം സംഭവം നടക്കുന്നത്. അതേസമയം സംഭവത്തില്‍ മൂല്യ നിര്‍ണ്ണയ സമിതി ചെയര്‍മാനെ സസ്പന്‍ഡ് ചെയ്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.