ക്വാറികള്‍ക്കെന്തു ഗാഡ്ഗില്‍, പണം കായ്ക്കുന്ന മരം തൊടാന്‍ മടിച്ച് രാഷ്ട്രീയക്കാര്‍
കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പണം കായ്ക്കുന്ന മരമാണ് ക്വാറികള്‍. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ 1486 ക്വാറികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം അനുദിനം പരിസ്ഥിതിക്കും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും വരുത്തുവയ്ക്കുന്ന ആഘാതങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദത്തില്‍ മറയ്ക്കപ്പെടുകയാണ്. കേരളം തുടര്‍ച്ചയായി അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ പത്ത് വര്‍ഷം മുന്‍പ് ചൂണ്ടിക്കാട്ടിയ പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗിലിനെ തള്ളിയാണ് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം മുഖ്യധാരയില്‍ നിലനില്‍ക്കുന്നത്.
പശ്ചിമഘട്ടമേഖലയില്‍ അടിക്കടി ദുരന്തം വരുമ്പോള്‍ ചില പരിസ്ഥിതി വാദികള്‍ മാത്രം ഗാഡ്ഗിലിനെയും ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെയും അനുസ്മരിക്കുന്നു. ഒരുവിഭാഗം ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് ഗാഡ്ഗിലിനെ തള്ളിപ്പറഞ്ഞ് കേരള സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് കസ്തൂരിരംഗന്‍ കമ്മീഷനെ നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും നടപ്പാക്കാന്‍ പ്രായോഗികമായി സാധിക്കില്ലെന്ന നിലപാടാണ് കേരളത്തിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്നത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ജാഗ്രത മാത്രം പോര, അല്‍പം പ്രായോഗിക ബുദ്ധികൂടി വേണമെന്ന സാമാന്യമായ അറിവ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കില്ലാതെ പോകുന്നതും വോട്ട് ബാങ്ക് മുന്നില്‍ കാണുന്നതുകൊണ്ടു മാത്രമാണ്.
മതപുരോഹിതരെ മുന്‍ നിര്‍ത്തി പശ്ചിമഘട്ടം ഇടിച്ചു നിരത്താന്‍ കൂട്ടുനിന്ന രാഷ്ട്രീയക്കാരുള്ള സംസ്ഥാനമാണ് കേരളം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പോലീസ് സ്‌റ്റേഷന്‍ ആക്രമണം വരെ നടത്തിയപ്പോള്‍ ഇവിടുത്തെ സര്‍ക്കാരും രാഷ്ട്രീയക്കാരും മൗനം പാലിക്കുകയാണ് ചെയ്തത്. പശ്ചിമഘട്ടത്തിന്റെ 67 ശതമാനം ഭൂപ്രദേശം പരിസ്ഥിതിലേല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. ഇതിനെ ശക്തമായി എതിര്‍ത്തത് കൈയേറ്റ മാഫിയയും അവരെ തമ്പുരാക്കന്മാരായി കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്നാണ്. 1990കളോടെയാണ് പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടലുകള്‍ വര്‍ധിച്ചുവന്നത്.
കരിങ്കല്‍ ക്വാറികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതും ഇതേ കാലയളവിലാണ്. വനംഭൂമിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 1457 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്. പശ്ചമിഘട്ടത്തിലെ തീവ്ര ഉരുള്‍പൊട്ടല്‍ മേഖലയുടെ സംരക്ഷണം ഇപ്പോഴും സര്‍ക്കാറിന്റ പരിഗണനയില്‍ പോലുമില്ല. ഉരുള്‍പൊട്ടലുകളുടെ വലിയൊരു ശതമാനം അശാസ്ത്രീയമായ ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ തോട്ടം മേഖലകളും ഉരുള്‍പൊട്ടലുകളുടെ പ്രഭവകേന്ദ്രമായി മാറി. 20 ഡിഗ്രി ചരിവുള്ള മലകളില്‍ അശാസ്ത്രീയമായ തടയണകള്‍ നിര്‍മിക്കുന്നത് സ്വാഭാവികമായ നീരൊഴുക്കിനെ തടയും.
2018ല്‍ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലിന് കാരണം തടയണയായിരുന്നു. പലതരത്തിലുള്ള മനുഷ്യ ഇടപെടല്‍ ജലാംശം ശേഖരിക്കാനുള്ള മണ്ണിന്റെ ശേഷികുറച്ചു. പശ്ചിമ ഘട്ടത്തില്‍നിന്നുള്ള സ്വാഭാവികമായ നീരൊഴുക്ക് പലതരത്തില്‍ തടഞ്ഞു. 2018ലെ അതിവൃഷ്ടിയും അതേതുടര്‍ന്ന് പശ്ചിമഘട്ട മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലുകളും സര്‍ക്കാറിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും കണ്ണുതുറപ്പിച്ചില്ല. 2019ലും 2020ലും ദുരന്താനന്തരഘട്ടത്തില്‍ മാത്രമാണ് സര്‍ക്കാറിന് ബോധാദയമുണ്ടായത്.
ദുരന്തലഘൂകരണത്തിനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയമാണ്. സര്‍ക്കാരിന്റെ നയവൈകല്യത്തില്‍ നിരവധി ജീവനകുളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ പോയി പ്രകൃതിദുരന്തം നേരിടാന്‍ പഠിക്കുമ്പോള്‍ മേശപ്പുറത്തുള്ള ഫയലുകള്‍ മറച്ചുനോക്കാന്‍ മറക്കുന്ന സര്‍ക്കാരിന്റെ മനോഭാവം ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളീയര്‍.