വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല: അമിത് ഷാ
പനജി: വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ലെന്ന് അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് വളംവച്ചു നല്‍കുന്ന പാക്കിസ്ഥാന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി നല്‍കിയ മുന്നറിയിപ്പ് കശ്മീരിലെ ഭീകരാക്രമണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെയും കീഴിലുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തികള്‍ ആര്‍ക്കും തടസപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നല്‍കാന്‍ കഴിഞ്ഞു. ചര്‍ച്ചകള്‍ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗോവയിലെ ധര്‍ബന്ധോരയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ കശ്മീരില്‍ തടവിലാക്കി. പൂഞ്ചില്‍ പീര്‍പഞ്ചാള്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. ഇതേത്തുടര്‍ന്നാണ് സൈന്യം മേഖലയില്‍ തെരച്ചില്‍ തുടങ്ങിയത്. വനത്തിനുള്ളില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ്‌വീന്ദര്‍ സിംഗ്, നായിക് മന്‍ദീപ് സിംഗ്, സിപായിമാരായ ഗജ്ജന്‍ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍. 2016 സെപ്റ്റംബറില്‍ ഇന്ത്യയിലെ ഉറി, പഠാന്‍കോട്ട്, ഗുരുദാസ്പുര്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. ഉറി ആക്രമണത്തിന് 11 ദിവസങ്ങള്‍ക്ക് ശേഷം 2016 സെപ്റ്റംബര്‍ 29നാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.