വരുമാനമില്ല; പക്ഷെ ഈ വണ്ടി റെയിൽവേ നിർത്തില്ല

വരുമാനക്കുറവിന്റെ പേരിൽ തീവണ്ടികൾ റദ്ദാക്കാനൊരുങ്ങുന്ന റെയിൽവേ, പത്തുപൈസ വരുമാനമില്ലാത്ത വണ്ടികളുടെ സർവ്വീസ് തുടരുകയാണ്. ലോക്ഡൗൺ കാലത്ത് റെയിൽവേ ജീവനക്കാർക്ക് ജോലിക്കുവരാനും പോകാനുമായി ആരംഭിച്ച വർക്ക്‌മെൻ സ്‌പെഷ്യലാണ് ഇപ്പോഴും സർവ്വീസ് തുടരുന്നത്.
നാഗർകോവിലിൽ നിന്നുവരെ ഇത്തരം തീവണ്ടികൾ ദിവസേന ഓടിച്ചുവരുകയാണ് . മറ്റ് ജോലിക്കുപോകുന്ന യാത്രക്കാർക്ക് ഇതിൽ പ്രവേശനമില്ല. ലോക്ഡൗൺ തുടങ്ങിയതുമുതലാണ് ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന സ്റ്റേഷനുകളിലേക്കു വരാനും പോകാനും സൗകര്യമൊരുക്കി തീവണ്ടിയോടിച്ചു തുടങ്ങിയത്. ചുരുങ്ങിയത് രണ്ട് കോച്ചുകളും രണ്ട് പാഴ്‌സൽ കോച്ചുകളും എല്ലാ വണ്ടിയിലുമുണ്ടാകും. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് വണ്ടിയിൽ കയറാം. ഇതിനായി ഒരു പരിശോധകനും എല്ലാ തീവണ്ടികളിലുമുണ്ടാകും.
ആവശ്യത്തിന് ആളുകളില്ലെന്നതിന്റെയും വരുമാനക്കുറവിന്റെയും പേരിൽ കേരളത്തിൽ തീവണ്ടികൾ സർവ്വീസ് നിർത്താൻ ഒരുങ്ങുകയാണ് റെയിൽവേ. രണ്ടു ജനശതാബ്ദിയും എറണാകുളം-തിരുവനന്തപുരം എക്സ്പ്രസും ഇതിൽ പെടുo. ബോർഡ് നിർദേശം വന്നുകഴിഞ്ഞതിനാൽ ദക്ഷിണറെയിൽവേ ഉത്തരവ് ഇറക്കുന്നതോടെ ഉടൻ ഈ തീവണ്ടി സർവീസുകൾ നിലയ്ക്കും. ഈ അവസ്ഥയിലാണ് വർക്ക്‌മെൻ സ്പെഷ്യലിൽനിന്ന് ഒരു വരുമാനവും ലഭിക്കില്ലെങ്കിലും റെയിൽവേ വണ്ടി ച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം വർക്ക്മെൻ സ്പെഷലിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിച്ചാൽ സാധാരണക്കാരായ യാത്രക്കാർക്ക് സൗകര്യമാവുകയും റെയിൽവേക്ക് വരുമാനം ലഭിക്കുകയും ചെയ്യും എന്ന വസ്തുത റെയിൽവേ കണക്കിലെടുക്കുന്നില്ല.