ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല- ധനമന്ത്രി
തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ഇന്ധനവില കുറയ്ക്കാന്‍ സെസ് കുറയ്ക്കുകയാണ് വേണ്ടത്. ജിഎസ്‍ടി കൗണ്‍സിലില്‍ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിര്‍ത്തു. ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ് പല സംസ്ഥാനങ്ങളും . ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും പ്രത്യേക സെസായി കേന്ദ്രം പിരിക്കുന്നുണ്ട്. നാല് രൂപ ഡീസലിന് കാർഷിക സെസായും ഇത് കൂടാതെ വേറെ സെസും പിരിക്കുന്നുണ്ട്. അതുകൊണ്ട് വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതിയെന്ന് അഭിപ്രായം മുന്നോട്ട് വെച്ചു. സമാനമായ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം വന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ജിഎസ്ടിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ പൊടുത്തിയാല്‍ വില കുറയും എന്ന് മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെങ്കില്‍ നിലവിലുള്ള സംവിധാനം തന്നെയാണ് വേണ്ടത്. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതി നഷ്ടമാകും. എത്ര പിരിച്ചാലും സംസ്ഥാനത്തിന് പകുതിയേ കിട്ടു.