ആരാധനാലയങ്ങളില്‍ അഞ്ചിലധികം പേര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍
ലഖ്നോ: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മത കേന്ദ്രങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍. നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ലഖ്നോവിലെ ലോക്ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
4000 ഐ.സി.യു കിടക്കകള്‍ ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇതില്‍ 2000 കിടക്കകള്‍ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകള്‍ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിര്‍ദേശം. കൂടാതെ കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുെട എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.