Editor's ChoiceKerala NewsLatest NewsLaw,NationalNews

സാധാരണക്കാരനെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം നടപ്പാക്കേണ്ട, ഹൈക്കോടതി.

കൊച്ചി/ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് എതിരെ ഹൈക്കോടതി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സാധാരണക്കാരനെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ വിമര്ശനം. നിലം നികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്.
നേരത്തെയുള്ള നിയമപ്രകാരം നിലം നികത്തൽ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 20 ശതമാനം നൽകിയാൽ മതിയായിരുന്നു. ഇതിനു പകരം, പുതിയ സർക്കാർ മുൻകാല പ്രാബല്യത്തോടെ പാസാക്കിയ ഉത്തരവ് അനുസരിച്ച്, പ്രസ്തുത ഭൂമിയുടെ പരിസര പ്രദേശത്ത് ഏറ്റവും ഉയർന്ന വിലയ്ക്ക് റജിസ്റ്റർ ചെയ്ത ഭൂമിയുടെ വിലയുടെ 20 ശതമാനം അടയ്ക്കണം എന്നാക്കിയിരുന്നു. ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഉത്തരവുകൾ പുറത്തിറക്കുന്നത് പൊതുജനങ്ങളെ പിഴിയാനാണ് എന്നാണ് വ്യക്തമാകുന്നത്. ശമ്പള പരിഷ്കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ സാധാരണക്കാരെ പിഴിയുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ്. സംഘടനകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങൾ എട്ടും ഒൻപതും വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിക്കുമ്പോൾ കേരളത്തിൽ മാത്രം നാലര വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല.
മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്. ഇതുകണ്ട് കൊണ്ട് കോടതിക്ക് നിശബ്ദമായിരിക്കാനാവില്ല. വേണ്ടി വന്നാൽ ശമ്പള പരിഷ്കരണത്തിൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. അഡ്വ. ജനറലിനെ ഇക്കാര്യങ്ങൾ അറിയിക്കണമെന്ന് ഗവ. പ്ലീഡറോട് കോടതി നിർദേശിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button