സംരക്ഷിതാധ്യാപകരില്ല; എയ്ഡഡ് സ്‌കൂളുകള്‍ക്ക് താത്കാലിക നിയമനത്തിന് അനുമതി
തിരുവനന്തപുരം: അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ ഡിവിഷനുകളിലേക്ക് അധ്യാപകരെ താത്കാലികമായി നിയമിക്കാന്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് അനുമതി. അധ്യാപകബാങ്കിലെ മുഴുവന്‍ പേരെയും പല ജില്ലകളിലും പുനര്‍വിന്യസിച്ചുകഴിഞ്ഞു. ഇതുകാരണം നിയമനം നടക്കാതിരിക്കുകയും പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സാഹചര്യവും കണക്കിലെടുത്താണ് അനുമതി.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ ഡിവിഷനുകള്‍ വരുമ്പോള്‍ 1:1 അനുപാതത്തില്‍ ഒരു അധ്യാപകനെ മാനേജരും ഒരു അധ്യാപകനെ അധ്യാപകബാങ്കില്‍നിന്നും നിയമിക്കണം. എല്‍പി, യുപി സ്‌കൂളുകളില്‍ പലയിടത്തും ഒന്നിലേറെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അധ്യാപകബാങ്കില്‍നിന്ന് നിയമനം നടത്താന്‍ പല ജില്ലകളിലും ആളില്ലാത്ത സാഹചര്യത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണമെന്ന് സ്‌കൂള്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മാനദണ്ഡംകൂടി കര്‍ശനമായി സ്‌കൂളുകളില്‍ പാലിക്കേണ്ടതുകൊണ്ട് നിലവിലുള്ള മുഴുവന്‍ തസ്തികകളിലുള്ള അധ്യാപകര്‍ ഉണ്ടായാലും നിരീക്ഷണം കാര്യക്ഷമമാവില്ല. അതിനാല്‍ ഒഴിവുകള്‍ നികത്താതിരിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് മാനേജര്‍മാരുടെ നിലപാട്. അനുമതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലായി മുന്നൂറോളം അധ്യാപകരെ അടിയന്തരമായി താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കും.