Kerala NewsLatest News

ശിവശങ്കറിന്റെ ജാമ്യത്തിന് സ്‌റ്റേ ഇല്ല

ന്യുഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിയില്‍ സുപ്രീം കോടതി ആറാഴ്ചയ്ക്കു ശേഷം വിശദമായ വാദം കേള്‍ക്കും. അതുവരെ ജാമ്യം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ശിവശങ്കറിന് കോടതി നോട്ടീസ് അയച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു പങ്കുണ്ടോയെന്ന് കോടതി ഇ.ഡിയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് അറിയിച്ച ഇ.ഡി, സ്വര്‍ണം കടത്തിയ ഡിപ്ലോമാറ്റിക ബാഗുകള്‍ വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്നും വ്യക്തമാക്കി.

ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ കണക്കില്‍പെടാത്ത 64 ലക്ഷം രൂപ മാത്രമാണ് ശിവശങ്കറുമായി ബന്ധപ്പെട്ടത് എന്നാണ് ഹൈക്കോടതി നീരീക്ഷണം. എന്നാല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ കോഴയിലെ ഒരു വിഹിതം ശിവശങ്കറിന് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട അഴിമതി ഒരു കോടി രൂപയ്ക്ക് മുകളിലാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും ഇ.ഡി വാദിച്ചു.

ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയാക്കും. അതിനാല്‍ ജാമ്യം സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാല്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സ്‌റ്റേ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, ആര്‍.സുബാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കേസ് ആറാഴ്ച കഴിഞ്ഞ് പരിഗണിക്കുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമേ ഇനി ഇതില്‍ തീരുമാനം ഉണ്ടാവൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button