2025ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; മൂന്ന് പേർക്ക്

2025ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ജോൺ ക്ലാർക്, മൈക്കൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്ക് സംയുക്തമായാണ് ഈ ബഹുമതി ലഭിച്ചത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിന്റെയും വൈദ്യുത സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷന്റെയും കണ്ടെത്തലുകൾക്കാണ് അവരെ ആദരിച്ചത്.
മൂവരും കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരായിരുന്ന 1984-85 കാലഘട്ടത്തിലാണ് ഈ നിർണായക പഠനം നടന്നത്. ക്വാണ്ടം പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനത്തിന്റെ പരമാവധി വലിപ്പം എത്രയാകുമെന്ന ഭൗതികശാസ്ത്രത്തിലെ പ്രധാന ചോദ്യത്തിന് ഉത്തരം നൽകുന്ന തരത്തിലായിരുന്നു ഇവരുടെ കണ്ടെത്തൽ. കൈയിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം ടണലിംഗും ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമാണെന്ന് അവർ തെളിയിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വളർച്ചയ്ക്കും ഈ കണ്ടെത്തൽ നിർണായകമായി.
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇതോടെ ഭൗതികശാസ്ത്ര നൊബേൽ ഇതുവരെ 118 തവണയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2024ൽ മെഷീൻ ലേണിംഗ് രംഗത്തെ മഹത്വങ്ങൾ ആയ ജോൺ ജെ. ഹെപ്പ്ഫീൽഡ്, ജെഫ്രി ഇ. ഹിന്റൺ എന്നിവർക്ക് ആയിരുന്നു ഈ ബഹുമതി ലഭിച്ചത്.
രസതന്ത്ര നൊബേൽ ബുധനാഴ്ചയും സാഹിത്യ നൊബേൽ വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാന നൊബേൽ ഒക്ടോബർ 10-നും സാമ്പത്തികശാസ്ത്ര നൊബേൽ ഒക്ടോബർ 13-നുമാണ് പ്രഖ്യാപിക്കുക. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാൻ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് 2025ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്.
Tag: Nobel Prize in Physics 2025 announced; Three people to win