എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു.

കൊച്ചി/ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാന്‍ കൂട്ടി പോകുന്നതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കസ്റ്റംസിന്റെ കേസിലാണ് ഒക്‌ടോബര്‍ 23 വരെ അറസ്റ്റ് തടഞ്ഞത്. കസ്റ്റംസ് അതിനു മുൻപ് മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരം സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും എൻഫോഴ്‌സ്‌മെന്റ് കേസിലും ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇതോടെ നിർദേശിച്ചിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാമെന്നും ശിവശങ്കർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് അറിയിച്ച കസ്റ്റംസ്, അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും കോടതി യെ അറിയിക്കുകയുണ്ടായി.