ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; പക്ഷേ ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ല
തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തോടെ ഇന്നലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം, ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് സമയമനുസരിച്ചുള്ള പ്രവര്‍ത്തനം എന്നിങ്ങനെ ഇളവുകള്‍ വരുത്തി.
തൊഴിലിടങ്ങളില്‍ പോയിവരാന്‍ നിരവധിപേരാണ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ലോക്ക്ഡൗണില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും റെയില്‍വേ ഗതാഗതത്തില്‍ മാത്രം ഇളവുകള്‍ വന്നിട്ടില്ല.
ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു എന്ന് പറയുമ്പോഴും സ്ഥിര യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ പാസഞ്ചര്‍ ,മെമു സര്‍വീസുകള്‍ ഇപ്പോഴും നടത്തുന്നില്ല.
മഹാമാരി കാലത്ത് യാത്രക്കാര്‍ക്കിതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ല. കൂടാതെ എല്ലാ യാത്രികര്‍ക്കും റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയതോടെ റെയില്‍വേ കൗണ്ടറുകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തുന്നവര്‍ക്കാവട്ടെ അധികനിരക്കും നല്‍കണം.
ഇതിനെല്ലാം പുറമേ ഇപ്പോഴും റെയില്‍വേസ്റ്റേഷനില്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എന്തെന്നാല്‍ ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചിട്ട് ഒരിടുങ്ങിയ ചെറിയ വഴി മാത്രമാണ് യാത്രക്കാര്‍ക്കായി തുറന്ന് വെച്ചിരിക്കുന്നത്. ഓരോ ട്രെയിന്‍ എത്തുമ്പോഴും അഞ്ഞൂറിന് മുകളില്‍ ആളുകള്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കും ഇത് ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നത്.