ഇന്നു മുതല്‍ സംസ്ഥാനത്ത് പ്രളയ സെസ് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സെസാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നു മുതല്‍ ഇല്ല. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കള്‍ക്കും വില കുറയും.
അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രളയ സെസ് ഒഴിവാക്കാന്‍ ബില്ലിങ് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇവയുടെ വിലയില്‍ കുറവുണ്ടാകും.