keralaKerala NewsLatest NewsNews

ഇനി കുടുംബശ്രീ ‘MAN’ ; കുടുംബശ്രീ വഴി ബന്ധുക്കളായ പുരുഷന്മാർക്കും അവസരം

തുടക്കം ബവ്കോയിലെ പ്ലാസ്റ്റിക് കുപ്പി ശേഖരണ കൗണ്ടറുകളിൽ

തിരുവനന്തപുരം :  കുടുംബശ്രീ മിഷനു വേണ്ടി നീക്കിവയ്ക്കുന്ന തൊഴിൽമേഖലകളിൽ ഇനി പുരുഷന്മാർക്കും തൊഴിൽ അവസരം നൽകും . കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കു പുറമേ, അവരുടെ ബന്ധുക്കളായ പുരുഷൻമാർക്കും തൊഴിലിൽ മുൻഗണന . ‘വിജ്ഞാനകേരളം’ പദ്ധതി വഴി സ്വകാര്യ മേഖലയിൽ 45,000 പേർക്ക് ഇത്തരത്തിൽ തൊഴിൽ നൽകിയ രീതി പൊതുമേഖലയിലെ താൽക്കാലിക നിയമനങ്ങളിലും നടപ്പാക്കാനാണ് തീരുമാനം. ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലെ പ്ലാസ്റ്റിക് കുപ്പി ശേഖരണ കൗണ്ടറുകളിലേക്കാകും ഇത്തരത്തിലെ ആദ്യ നിയമനം നടപ്പിലാക്കാൻ പോകുന്നത്.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ‘ഒരു ലക്ഷം തൊഴിൽ’ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തിരുന്നു. നൈപുണ്യപരിശീലനത്തിനുശേഷം വനിതകൾക്കു ജോലി നൽകാനാണു തുടക്കത്തിൽ ലക്ഷ്യമിട്ടതെങ്കിലും സർക്കാർ തല ഇടപെടലിൽ ഇതു കുടുംബശ്രീ കുടുംബങ്ങളിലെ ആർക്കും നൽകാമെന്നാക്കി മാറ്റി. ഇതുസംബന്ധിച്ചു കുടുംബശ്രീ മാർഗനിർദേശമിറക്കിയെങ്കിലും കുടുംബശ്രീ അംഗത്തിന്റെ ‘ബന്ധു’ ആരൊക്കെയാകാം എന്നതിനു മാനദണ്ഡം വച്ചില്ല.

കൃത്യമായ മാനദണ്ഡമില്ലാത്തതിനാൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കുടുംബശ്രീയിൽ കുടുംബാംഗമില്ലെന്ന കാരണത്താൽ അർഹതപ്പെട്ടവർ തഴയപ്പെടുകയും ചെയ്യാം. 

ഒരു ലക്ഷം ലക്ഷ്യമിട്ടതിൽ 45,000 പേർക്കു വിവിധ തൊഴിൽ മേളകളിലൂടെ ഇതുവരെ ജോലി ലഭ്യമാക്കിയതിൽ കുടുംബശ്രീ അംഗങ്ങൾ കുറവാണ്. ഇവരുടെ ബന്ധുക്കളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ജോലി ലഭിച്ചു. കുറഞ്ഞ മാസശമ്പളം 10,000 രൂപയെന്നാണു നിശ്ചയിച്ചിരിക്കുന്നത്.

ബവ്കോ ഔട്‌ലെറ്റുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പി ശേഖരിക്കുന്നതിന് 1130 രൂപ ദിവസവേതനത്തിലാണു നിയമനം. ഇതു 2 ഷിഫ്റ്റുകളാക്കാനും രണ്ടാം ഷിഫ്റ്റിൽ കുടുംബശ്രീ കുടുംബങ്ങളിലെ പുരുഷൻമാരെ നിയോഗിക്കാനുമാണു തീരുമാനം. രാത്രിയിലുമുള്ള ജോലി എന്നതു കണക്കിലെടുത്താണിത്.

‘സ്ത്രീകൾക്ക് പരിമിതിയുള്ള മേഖലകളിൽ’

പരമാവധിപേർക്കു ജോലി നൽകാനാണു ശ്രമമെന്നും സ്ത്രീകൾക്കു പരിമിതിയുള്ളതും അവരെ ലഭിക്കാത്തതുമായ ജോലികളിൽ മാത്രമാണ് അംഗങ്ങളുടെ ബന്ധുക്കൾക്കു മുൻഗണന നൽകുന്നതെന്നുമാണു കുടുംബശ്രീയുടെ വിശദീകരണം. ‘വിജ്ഞാനകേരളം’ പദ്ധതിയിൽ ഈ മുൻഗണന നോക്കാതെയും നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു. കുടുംബശ്രീയിൽ ആകെ 48 ലക്ഷം അംഗങ്ങളുണ്ട്.

TAG: Now Kadambas’re ‘MAN’; an opportunity for men who are relatives through kudumbashree

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button