വനിത മാധ്യമപ്രവർത്തകയ്ക്കെതിരെ അശ്ലീല പരാമർശം; കോൺഗ്രസ് എംഎൽഎ ആർ.വി. ദേശ്പാണ്ഡെയുടെ പരാമർശം വിവാദത്തിൽ

പ്രസവസൗകര്യങ്ങളില്ലാത്തതിനാൽ നാട്ടിലെ സ്ത്രീകൾ ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടിയ വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവും ഉത്തര കന്നഡയിലെ ഹലിയാൽ എംഎൽഎയുമായ ആർ.വി. ദേശ്പാണ്ഡെയ്ക്കെതിരെ രൂക്ഷ വിമർശനം. ജോയ്ഡയിൽ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് മാധ്യമപ്രവർത്തക വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ, ദേശ്പാണ്ഡെ “നിനക്കു കുട്ടിയുണ്ടാകേണ്ട സമയത്ത് ഞാൻ ഒന്ന് ഉണ്ടാക്കിത്തരാം” എന്നായിരുന്നു ലൈംഗിക ചുവയോടെ നൽകിയ മറുപടി.
ഈ പരാമർശം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ദേശ്പാണ്ഡെ പരസ്യമായി മാപ്പ് പറയണമെന്നും മാധ്യമപ്രവർത്തക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. “ഒരു സ്ത്രീ മാധ്യമപ്രവർത്തക ആശുപത്രി ആവശ്യപ്പെട്ടാൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?” എന്നായിരുന്നു ജനതാദൾ (എസ്) വിമർശനം. “മോദിയുടെ അമ്മയെ അപമാനിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോടും മോശം പെരുമാറ്റം തുടരുകയാണ്” എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു. “പുരുഷ മാധ്യമപ്രവർത്തകരോടും ഇതുപോലെ സംസാരിക്കുമോ? തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് പോലും നേതാക്കളിൽ നിന്ന് ഇത്തരം അപമാനമാണ് നേരിടേണ്ടി വരുന്നത്” എന്നും സ്ത്രീപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടി.ദേശ്പാണ്ഡെയുടെ പരാമർശം സ്ത്രീകളോടുള്ള രാഷ്ട്രീയ നേതാക്കളുടെ സമീപനത്തെ തുറന്നു കാണിക്കുന്നതാണെന്ന് വിമർശകർ ആരോപിക്കുന്നു.
Tag: Obscene remark against female journalist; Congress MLA R.V. Deshpande’s remark in controversy