റിമാൻഡ് പ്രതിയുടെ മരണം; അമ്പിളിക്കല കോവിഡ് സെന്ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തൃശൂർ; കഞ്ചാവ് കേസിലെ പ്രതി ഷെമീര്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അമ്പിളിക്കല കോവിഡ് സെന്ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഉത്തരമേഖല ജയില്‍ വകുപ്പ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി.2 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഒരാള്‍ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായി മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. റിമാന്‍ഡിലായ പ്രതികളെ പിന്നീട് അമ്ബിളിക്കല കൊവിഡ് സെന്ററിലേക്ക് മാറ്റി. 30ന് അപസ്മാരബാധയെ തുടര്‍ന്ന് ഷെമീറിനെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി തിരികെ നിരീക്ഷണ കേന്ദ്രത്തിലെക്ക് എത്തിച്ചു. പിന്നീടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ഷമീര്‍ മരിച്ചത്.
തലക്കേറ്റ ക്ഷതവും ക്രൂരമര്‍ദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷെമീറിന്റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവന്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയതായും കണ്ടെത്തിയിട്ടുണ്ട്. ഷെമീറിന്റെ ഭാര്യ ഉള്‍പ്പെടെ ഉള്ള കൂട്ടുപ്രതികളുടെ മൊഴി നാളെ രേഖപ്പെടുത്തും.