അൽ ഖയ്ദ ഭീകരർ ഡാർക്ക് വെബ്ബിലൂടെ ബന്ധപെട്ടു.

അൽ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുർഷിദാബാദിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവർ ഡാർക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നതായ വിവരം പുറത്ത്.
എൻ.ഐ.എയുടെ പിടിയിലായ ആറ് പേരിൽ നാല് പേർ ആണ് ഡാർക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നത്. ഒണിയൻ റൂട്ടർ ഉപയോഗിച്ച് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്ന ഇവർ ഡൽഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പോകാനും പദ്ധതിയിട്ടിരുന്നു.
കാശ്മീർ താഴ്വരയിലുള്ള ഇന്ത്യ-പാക് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങൾ ഇവർക്ക് കൈമാറുവാനായിരുന്നു പരിപാടി. ഇക്കാര്യം ഇവരെ ഹാഫിസ് എന്ന ഇടനിലക്കാരൻ അറിയിച്ചിരുന്നതുമാണ്. എൻ.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നാണ് എൻ ഐ എ ഉദ്യോഗസ്ഥർ പറയുന്നത്. മുർഷിദാബാദിലെ റാണിനഗറിൽ ഇയാൾ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അൽ ഖയ്ദയുടെ ബംഗാൾ ഘടകത്തിന് വേണ്ടി ഈ മദ്റസ വഴിയാണ് ഇയാൾ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേർ കൂടി ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസി സംശയിക്കന്നുന്നത്. 13 പേരുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ ഇവർ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് ഗ്രൂപ്പിലെ മെസേജുകൾ ഇവർ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
ഐ.ടി വിദഗ്ദർ ഇവർ തമ്മിൽ അയച്ച മെസേജുകൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തി വരുന്നുണ്ട്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എൻ.ഐ.എ അന്വേഷണം നടത്തും. അൽ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി ആകെ ഒൻപത് പേരാണ് കഴിഞ്ഞ ദിവസം പിടിയിലാകുന്നത്.