പ്രധാനമന്ത്രിയ്‌ക്ക് താടി വടിയ്‌ക്കാന്‍ 100 രൂപ മണിയോര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍; എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ അത് രാജ്യത്തെ തൊഴിലവസരങ്ങളാകണമെന്ന് കുറിപ്പും ഒപ്പം
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താടി വടിക്കുന്നതിനായി 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. മഹാരാഷ്ട്രയിലെ ബരാതിയിലുള്ള അനില്‍ മോറെ എന്നയാളാണ് മോദിയ്ക്ക് മണി ഓര്‍ഡര്‍ അയച്ചുകൊടുത്തത്.
ലോക്ക്ഡൗണ്‍ മൂലം അസംഘടിത മേഖല നേരിടുന്ന പ്രതിസന്ധികളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ദാപൂര്‍ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയുടെ എതിര്‍വശത്തായാണ് അനില്‍ മോറെ ചെറിയ ചായക്കട നടത്തുന്നത്.
മണി ഓര്‍ഡര്‍ മാത്രമല്ല ഒപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി താടി വളര്‍ത്തി. അദ്ദേഹം എന്തെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഈ രാജ്യത്തെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും, നിലവിലുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ കൂട്ടാനുള്ള പരിശ്രമങ്ങള്‍ നടത്തുകയും വേണം.
കഴിഞ്ഞ രണ്ട് ലോക്ക്ഡൗണ്‍ ദുരിതങ്ങളില്‍ നിന്ന് ജനങ്ങള്‍ മുക്തരാണെന്ന് മോദി ഉറപ്പുവരുത്തണം.’
‘ നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ബഹുമാനവുമുണ്ട്. എന്റെ സമ്ബാദ്യത്തില്‍ നിന്നും 100 രൂപ അദ്ദേഹത്തിന്റെ താടിവടിക്കുന്നതിനായി അയക്കുന്നത് പ്രധാനമന്ത്രിയെ വേദനിപ്പിക്കുവാനല്ല, മറിച്ച് മഹാമാരിമൂലം പാവപ്പെട്ടവരുടെ വളര്‍ന്നുവരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ഒരു മാര്‍ഗം മാത്രമാണിത്’. അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞു.
കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും രോഗബാധയാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കണം എന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.