എണ്ണവില ഇടിയുന്നു; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ കോവിഡ് വകഭേദം
ദുബായ്: ആഫ്രിക്കയില്‍ പുതിയ കൊവിഡ് വകഭേദം ഒമൈക്രോണ്‍ കണ്ടെത്തിയതോടെ ലോകം വീണ്ടും ഭീതിയുടെ മുള്‍മുനയില്‍. പല രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.
വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. നിലവിലെ വാക്സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണോ എന്ന് വ്യക്തമല്ല.
ഹോങ്കോങിലും ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്. പല രാജ്യങ്ങളും വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇസ്രയേല്‍, ബെല്‍ജിയം, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആശങ്ക പരക്കുകയാണ്.