CinemaKerala NewsLatest News

വേടന്റെ പോസ്റ്റിന് ലൈക്കടിച്ച്‌ പിന്തുണച്ചവര്‍ ‘പുരോഗമന കോമാളികള്‍’: ഒമര്‍ ലുലു

കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പ് സിംഗര്‍ വേടന്റെ പോസ്റ്റിന് ലൈക്കടിച്ച്‌ പിന്തുണച്ചവര്‍ ‘പുരോഗമന കോമാളികള്‍’ എന്ന് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് പ്രതിയാണെന്ന് ഗണിച്ച്‌ കണ്ടെത്തിയവര്‍ മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച്‌ പിന്തുണയ്ക്കുന്നു. പ്രതിക്കൊപ്പമാണ് എന്നാണ് സ്വയം ഫെമിനിസ്റ്റ് ചമഞ്ഞ് നടക്കുന്നവര്‍ തെളിക്കുന്നത് എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. നടി പാര്‍വതി തിരുവോത്ത് വേടന്റെ മാപ്പ് പറച്ചില്‍ പോസ്റ്റിന് ലൈക്ക് ചെയ്തിരുന്നു

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആട്ടിന്‍തോലിട്ട പുരോഗമന കോമാളികള്‍
പീഢനാരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റില്‍ ലൈക്ക്‌ ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികള്‍.’ പുരോഗമന കോമാളികള്‍ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാന്‍. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാര്‍ പീഢന വിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം?

ദിലീപ്‌ വിഷയത്തില്‍ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവര്‍, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവര്‍ തന്നെയാണ്‌, മറ്റൊരു പീഢനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോള്‍ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവര്‍!

അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടന്‍ കളിപ്പിക്കുന്നത്‌ നിര്‍ത്താന്‍ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button