ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒമര്‍ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്
കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്‌ളോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അഭിപ്രായം തേടി. സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘സിനിമാ പ്രാഖ്യാപന’ പോസ്റ്റില്‍ പലരും ഒമര്‍ ലുലുവിനെ ടാഗ് ചെയ്‌തു. പലര്‍ക്കും അറിയേണ്ടിയിരുന്നത് ഒമര്‍ ലുലു ഇവരുടെ സിനിമ എടുക്കുമോ എന്നതായിരുന്നു. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്ത് വരികയാണ്.
‘ഇ ബുള്‍ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ് മുതല്‍ ഒരുപാട് പേര്‍ ആ വാര്‍ത്തയിലും അതിനെ പറ്റിയുള്ള ചര്‍ച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം. പക്ഷേ ഓള്‍റെഡി രണ്ട് സിനിമയുടെ പണിപുരയില്‍ ആയതിനാല്‍ ഇപ്പോള്‍ എന്തായാലും സമയമില്ല. ടീമിന് ആശംസകള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ’, ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ്, ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ സിനിമ ചെയ്യാന്‍ താപ്പര്യമുണ്ടെന്ന് അറിയിച്ചത്. ടെമ്ബോ ട്രാവലറില്‍ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഒപിന്നാലെ വാഹനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇരുവരും അറിയിച്ചത്.
ആഗസ്ത് ഒമ്ബതാം തീയതി വ്ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വന്‍ വിവാദമായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഇവരുടെ ആരാധകരും എത്തിയിരുന്നു. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.