ഒമിക്രോണ്‍: കേരളത്തില്‍ ആശങ്ക പടരുന്നു
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദം ആഫ്രിക്കന്‍ രാജ്യങ്ങളെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ കേരളത്തില്‍ ആശങ്ക പടരുന്നു. കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ചിരുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടുകയും അധിക ചികിത്സ കേന്ദ്രങ്ങള്‍ പൂട്ടുകയും ചെയ്തതാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമല്ല.
രോഗം ഏറെക്കുറെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടലില്‍ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെല്ലാം (സിഎഫ്എല്‍ടിസി) സര്‍ക്കാര്‍ അടച്ചുപൂട്ടി. തുടക്കത്തില്‍ 750ല്‍ അധികം ചികിത്സ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഘട്ടംഘട്ടമായി അവ കുറയ്ക്കുകയായിരുന്നു. ഒടുവില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചിരുന്ന 160 ചികിത്സ കേന്ദ്രങ്ങളും കഴിഞ്ഞമാസം പൂട്ടി.
ഇനിയൊരു രോഗവ്യാപനം ഉണ്ടായാല്‍ എന്തു ചെയ്യുമെന്ന കനത്ത ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കാല്‍ ലക്ഷത്തോളം മുന്നണി പോരാളികളെയാണ് സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചിരുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, എക്‌സ്‌റേ- ലാബ് ടെക്‌നീഷ്യന്മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തുടരാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടും അഞ്ചു മാസം മുന്‍പ് അവരെയെല്ലാം കൂട്ടത്തോടെ പിരിച്ചുവിട്ടു.
എല്ലാവര്‍ക്കും ശമ്പളത്തിന്റെ 20 മുതല്‍ 35 ശതമാനം വരെ റിസ്‌ക് അലവന്‍സായി നല്‍കിയിരുന്നു. അവസാന അഞ്ചുമാസത്തെ ഈ അലവന്‍സ് ആരോഗ്യ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. ഏതാണ്ട് 15 കോടിയോളം രൂപ ഈ വകയില്‍ നല്‍കാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒമിക്രോണ്‍ വ്യാപനത്തില്‍ ആശങ്ക അറിയിച്ചതോടെ സംസ്ഥാനത്ത് എന്തുചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.