Kerala NewsLatest NewsNews

ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തിന് തെളിവില്ലെന്നത് അന്ധത; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോകം മുഴുവൻ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കൽ സംഭവത്തിൽ തെളിവില്ലെന്നു പറയുന്നത് അന്വേഷണ ഏജൻസികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കൺമുന്നിൽ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാൻ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറയുന്നു.

മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങൾ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആർഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു. രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോൾ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുതിർന്ന ബിജെപി നേതാക്കൾക്കുള്ള പങ്ക് ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ബാബറി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി ഭരണഘടാ ബെഞ്ചിന്റെ വിധിയിൽ അവിടെ നടന്ന കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. 28 വർഷമായി നീതിക്കു വേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്ന ശേഷം നീതി നിഷേധിക്കപ്പെടുമ്പോൾ അതു വേദനാജനകമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീൽ പോകണമെന്നും ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button