56 ലക്ഷം കടന്ന് ഓണം ബമ്പർ ടിക്കറ്റ് വിൽപന ; കോടിപതിയെ അറിയാൻ ഇനി പത്ത് ദിനങ്ങൾ കൂടി
ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്

തിരുവനന്തപുരം: ഈ വർഷത്തെ കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 56 ലക്ഷം കടന്നു . പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. 10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.
ജൂലൈ 28-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഓണം ബമ്പറിനോട് വലിയ താൽപര്യമുണ്ട്. രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവർക്ക് ഓണം ബമ്പർ സമ്മാനം ലഭിച്ചിട്ടുള്ളത്.