ഓണം ബംബര്‍ ജേതാവിന് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ഭീഷണിക്കത്ത്
കൊച്ചി: തിരുവോണ ബംബറില്‍ ഒന്നാം സമ്മാനം അടിച്ച മരട് സ്വദേശി ജയപാലന് പണം ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിക്കത്ത്. പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ ജയപാലന്‍ പോലീസില്‍ പരാതി നല്‍കി. സമ്മാനത്തുകയില്‍ നിന്നും 65 ലക്ഷം നല്‍കണമെന്നാണ് ആവശ്യം.
പണം തന്നില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നും, ഇക്കാര്യം ആരെയും അറിയിക്കരുതെന്നും കത്തില്‍ ഭീഷണിയുണ്ട്. ദരിദ്രരായ വൃദ്ധ ദമ്പതികള്‍ക്ക് സ്ഥലം വാങ്ങാനാണ് പണമെന്നാണ് കത്തില്‍ പറയുന്നത്. 15 ദിവസത്തിനുള്ളില്‍ കത്തില്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് പണം നല്‍കണം.
വിവരം ആരെയെങ്കിലും അറിയിച്ചാലോ, പണം നല്‍കാതിരുന്നാലോ ലോട്ടറി അടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും കത്തില്‍ ഭീഷണിമുഴക്കുന്നു. കണ്ണൂര്‍ ശൈലിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. പണം അയക്കേണ്ട നമ്പറും കത്തിന് താഴെയായി ഉണ്ട്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് വിവരം.