ഓണം ഇങ്ങെത്തി… ഇന്ന് അത്തം; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര നടക്കും
കാർഷിക സമൃദ്ധിയുടെ ഓർമകളെ പുതുക്കി, മറ്റൊരു ഓണക്കാലം കൂടി എത്തിയിരിക്കുന്നു. ഇന്ന് ചിങ്ങമാസത്തിലെ അത്തം ദിനം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പൂക്കളത്തിന്റെയും ഓണാഘോഷത്തിന്റെയും തുടക്കമിടുന്ന അത്തം ദിനം ഏറെ പ്രത്യേകത ഉള്ളതാണ്.
ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. അത്തച്ചമയ ഘോഷയാത്ര നടൻ ജയറാം ഉദ്ഘാടനം ചെയ്യും.
തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരത്തിലെ വിവിധ വഴികളിലൂടെ സഞ്ചരിച്ചു വീണ്ടും സ്കൂൾ ഗ്രൗണ്ടിലെത്തുമ്പോഴാണ് സമാപനം. മതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കാളികളാകുന്ന ഈ ഘോഷയാത്രയിൽ ചെണ്ടമേളം, നിശ്ചലദൃശ്യങ്ങൾ, വിവിധ കലാരൂപങ്ങൾ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്നു.
ഘോഷയാത്രയെ അനുബന്ധിച്ച് ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കോട്ടയം ഭാഗത്തുനിന്നുള്ള ഹെവി ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി – ചോറ്റാനിക്കര – തിരുവാങ്കുളം – സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് പോകണം. വൈക്കം ഭാഗത്തുനിന്നുള്ള ഹെവി ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം – സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിൽ എത്തി മിനി ബൈപാസ് വഴി യാത്ര തുടരണം.
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനും സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന ചടങ്ങാണ് രാജഭരണകാലത്തെ അത്തച്ചമയാഘോഷം. 1949ൽ കൊച്ചി –തിരുവിതാംകൂർ ലയനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കുകയും 1961 മുതൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനകീയ അത്തച്ചമയമായി മാറുകയും ചെയ്തു.
Tag: Onam is here… Today is Atham; Thripunithura Atthachamayam procession will be held