keralaKerala NewsLatest News

സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം നാളെ സമാപിക്കും

സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം നാളെ സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് 4 ന് മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാർ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയിൽ വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറുന്നതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളും 59 ഫ്‌ളോട്ടുകളും ഉണ്ടായിരിക്കും.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60 ഓളം ഫ്‌ളോട്ടുകൾ ഉണ്ടാകും. 91 ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. ‘നാനത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരും. പൂക്കാവടി, ഓണപ്പൊട്ടൻ, ശിങ്കാരിമേളം, ചെണ്ടമേളം, ആഫ്രിക്കൻ ബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ്, ഗൊപ്പിയാള നൃത്തം, അലാമിക്കളി, മുറം ഡാൻസ്, ഡ്രാഗൺ തെയ്യം, ഫിഷ് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കും.

ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്‌ളോട്ടുകൾ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി. പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശത്തെ വി.ഐ.പി. പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും. ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്. വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വി.വി.ഐ.പി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. കാണികൾക്ക് സൗകര്യപ്രദമാംവിധം ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tag: Onam weeklong celebrations, led by the state government’s tourism department, will conclude tomorrow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button