Kerala NewsLatest NewsNews

കോവിഡ് മഹാമാരിയിലും ഓണം കെങ്കേമം ആക്കാനൊരുങ്ങി മലയാളി

തിരുവനന്തപുരം: കോവിഡ് വിപത്തില്‍ നിന്നും എന്ന് മോചനം കിട്ടുമെന്നറിയാത്ത പരക്കംപാച്ചലിലും ഇത്തവണത്തെ ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ നല്‍കിവരുന്ന കിറ്റില്‍ ഓണം പ്രമാണിച്ച് 17 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കും.സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക.

ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി . ജി.ആര്‍. അനില്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തിലാണ് ഇതും സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.

ആഗസ്റ്റ് ഒന്ന് മുതല്‍ ആഗസ്റ്റ് 18 വരെ സ്‌പെഷ്യല്‍ കിറ്റ് വിതരണം നടത്താനാണ് ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ കിറ്റില്‍ പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, ഏലയ്ക്ക, സേമിയ,പാലട,ഉണക്കലരി, നെയ്യ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാവും. കൂടാതെ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില,മുളക്,മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ശര്‍ക്കരവരട്ടി,ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും ഉണ്ട്. തുണി സഞ്ചിയിലാണ് സ്‌പെഷ്യല്‍ കിറ്റ് വിതരണത്തിനെത്തുക.

കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഓണകിറ്റിലെ വിഭവങ്ങളുടെ ഗുണനിലവാരവും അളവും പരിശോധിക്കാന്‍ സപ്ലൈകോ അധികൃതരെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button