സ്‌കൂളിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയതായിരുന്നു കുഞ്ഞ്

അനന്തപൂര്‍: സ്കൂളിൽ കണ്ടെയ്‌നറില്‍ സൂക്ഷിച്ച തിളച്ച പാലില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. അംബേദ്കര്‍ ഗുരുകുലം സ്‌കൂളിലെ സുരക്ഷാ ജീവനക്കാരി കൃഷ്ണവേളിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്. സ്‌കൂളിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാലിലേക്ക് കുട്ടി വീഴുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയതായിരുന്നു കുഞ്ഞ്. കണ്ടെയ്‌നറില്‍ സൂക്ഷിച്ച പാലിന്റെ അടുത്തേക്ക് കുഞ്ഞുവരുന്നതും ശ്രദ്ധമാറിയതോടെ ഇതിലേക്ക് വീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
നിലവിളിച്ചുകൊണ്ട് കുഞ്ഞ് കണ്ടെയ്‌നറില്‍നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. പിന്നീട് ഒരാളെത്തി കുഞ്ഞിനെ പുറത്തേക്ക് എടുക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
One-and-a-half-year-old girl dies after falling into boiling milk stored in school kitchen