ഒരു കേസ്, ജോസ് വിഭാഗത്തെയും, ജോസഫ് വിഭാഗത്തെയും ഒരു മണിക്കൂർ ഒന്നിപ്പിച്ചു.

തമ്മിലും ഭേദം തൊമ്മനാണോ ? കേരള കോൺഗ്രസിൽ ജോസ് ജോസഫ് പക്ഷങ്ങൾ തമ്മിലടിക്കുന്നത് നമ്മൾ കാണാറുള്ളതാണ്. എന്നാൽ ഒരു നിശ്ചിത ഇടവേളക്ക് ശേഷം കൂടിച്ചേരാനുള്ള വഴി ആരെങ്കിലും തുറന്നുകൊടുക്കും. ലൊക്കേഷൻ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് .ഈ കോടതി മുറിയാണ് ഇവരെ കുറച്ചു നേരത്തേക്കെങ്കിലും ഒന്നിപ്പിച്ചത്. നിലവിൽ ജോസും ജോസഫും രണ്ടിടത്തായിട്ട് ഒരു വര്ഷം കഴിഞ്ഞു. എൽ ഡി എഫിന്റെ പടിപ്പുരവാതിൽ തുറന്നു അകത്തു കയറാൻ തയ്യാറായി നിൽക്കുകയാണ് ജോസ് വിഭാഗം. എന്നാലിപ്പോൾ 2017 ലെ ഒരു കേസ് രണ്ടു പേരെയും തമ്മിൽ ഒന്നിപ്പിച്ചിരിക്കുകയാണ്.
2017 ജൂൺ 23ന് രാവിലെ 11 മണിക്ക് ശബരി എക്സ്പ്രസ് തടഞ്ഞുകൊണ്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോം കേരള കോൺഗ്രസ് ഉപരോധിച്ചിരുന്നു. കർഷകർക്ക് വേണ്ടിയായിരുന്നു പ്രസ്തുത പ്രതിഷേധം. കെ എം മാണിയാണ് പ്രതിഷേധത്തിന് നേതൃവം നൽകിയത്. നേതൃസ്ഥാനത്ത് നിന്ന മാണി മരണപ്പെട്ടതിനാൽ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു. എം പിമാർ ആയതിനാൽ ജോസ് കെ മാണിയെയും ജോയി എബ്രഹാമിനെയും കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തു .
തമ്മിൽ ഇത്രയും പൊരുത്തമുള്ള നേതാക്കൾ വേറെ ഇല്ല എന്ന് തെളിയിക്കുന്ന രംഗങ്ങളാണ് കോടതിയ്ക്ക് മുന്നിൽ അരങ്ങേറിയത്. പ്രതികളായ പ്രമുഖ നേതാക്കൾ ബുധനാഴ്ച കോടതിയിൽ ഹാജരായി. ജോസഫ് പക്ഷത്തു നിന്ന് പി.ജെ ജോസഫ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ. ടി.യു കുരുവിള തുടങ്ങിയവരും ജോസ് പക്ഷത്തു നിന്ന് റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോബ് മൈക്കിൾ തുടങ്ങിയവരും കോടതിയിൽ എത്തി.
പതിനൊന്നു മണിക്ക് കേസ് വിളിക്കുന്നു. പിന്നെ നാടകീയ രംഗങ്ങൾ. പി ജെ ജോസഫ് അടക്കമുള്ളവർ ഹാജരായി. പേര് വിളിച്ചു കഴിഞ്ഞപ്പോൾ മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഓടിക്കിതച്ച് കോടതി മുറിയിലേക്ക്. ഒന്നാം പ്രതി കെ.എം മാണി, രണ്ടാം പ്രതി പി.ജെ ജോസഫ്, മൂന്നാം പ്രതി മോൻസ് ജോസഫ്, നാലാം പ്രതി റോഷി അഗസ്റ്റിൻ അങ്ങനെ നീളുന്ന പ്രതി പട്ടിക. ആകെ 14 നേതാക്കൾ. നേതാവ് ഒന്നിന് 1750 രൂപ പിഴയും മാപ്പു പറച്ചിലും. അതോടെ കേസിനു തിരശീല വീണു.
കൂടു തുറന്നു വിട്ട കിളികളെപ്പോലെ ഇരുപക്ഷവും പുറത്തേക്ക്. അതിനു ശേഷമുള്ള കാഴ്ചകളാണ് രസകരം. കോടതിവരാന്തയിൽ അവർ ഓർമ്മകൾ അയവിറക്കി. ശത്രുപക്ഷം ഒരുമിച്ചു ചേർന്ന് ആവോളം തമാശ പറഞ്ഞു. ചിരിച്ചു. കർഷകരുടെ പ്രശ്നത്തിന് വേണ്ടിയാണ് അന്ന് സമരം ചെയ്തതെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറയുന്നു. ശത്രുക്കളാണെങ്കിലും കർഷകർക്ക് വേണ്ടി വീണ്ടും ഒന്നിക്കും. ഇതിനു നൂലുപിടിച്ചു ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനും പി ജെ ജോസഫിനെ അനുകൂലിച്ചു. തങ്ങൾ ഇനിയും ഒന്നിക്കുമെന്നും ഇത് പുതുമയുള്ള കാര്യമല്ലെന്നും റോഷി പറഞ്ഞു .പതുമയില്ലാത്ത കാല പഴക്കം ചെന്ന ഈ കാര്യം എൽ ഡി എഫിന് വെല്ലുവിളിയാകുമോ, കോൺഗ്രസിന് വെല്ലുവിളിയാകുമോ, അതോ ജോസിന്റെ നിലനില്പിനെ ബാധിക്കുമോ എന്ന് കണ്ടറിയണം.