മമത ബാനർജിക്കും സോഷ്യലിസത്തിനും കല്യാണം; ഒരു വൈറൽ കല്യാണക്കഥ
മമത ബാനർജിക്കും സോഷ്യലിസത്തിനും കല്യാണം. ആശംസയർപ്പിച്ച് കമ്യൂണിസവും, ലെനിനിസവും മാർക്സിസവും. ഒരു വൈറൽ കല്യാണക്കഥ ഇങ്ങനെ. സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങൾ. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരൻ സോഷ്യലിസത്തിന്റെ വിവാഹം. വധു അടുത്ത ബന്ധു മമത ബാനർജി.
മോഹനന്റെ മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. പതിനെട്ടു വയസു മുതൽ സിപിഐയുടെ സജീവ പ്രവർത്തകനാണ് മോഹനൻ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു.
താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിടുകയായിരുന്നെന്ന് മോഹനൻ പറയുന്നു. സോഷ്യലിസത്തിന്റെ വധു മമത ബാനർജിയുടെ കുടുംബം കോൺഗ്രസുകാരാണ്. മമത ബാനർജി ബംഗാളിൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തിൽ കുഞ്ഞുപിറക്കുന്നത്. അങ്ങനെയാണ് ഈ മമത ബാനർജിയുടെ ‘പിറവി’.