നാല്‍പ്പത്തിയഞ്ചോളം രാജ്യങ്ങള്‍ പെഗസസ് ഉപയോഗിക്കുന്നു, പിന്നെ എന്താണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത്? -രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: നല്‍പ്പത്തിയഞ്ചില്‍പരം രാജ്യങ്ങള്‍ പെഗസസ് ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. പിന്നെ എന്തുകൊണ്ട് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നെന്ന് അദ്ദേഹം ചോദിച്ചു. ‘പശ്ചാത്യ രാജ്യക്കാരാണ് കൂടുതല്‍ ഉപഭോക്താക്കളെന്നും പെഗസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇതിന്റെ പിന്നിലുള്ള കഥ എന്താണെന്നും, ഈ കഥയിലെ ട്വിസ്റ്റ് എന്താണെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നത്? പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പായി ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കലാപത്തിനു പ്രേരിപ്പിച്ചു. 2019ലെ തിരഞ്ഞെടുപ്പ് സമയത്ത് പെഗസസ് കഥ വന്നു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴും കോണ്‍ഗ്രസ് ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും വീണ്ടും പെഗസസ് കഥ വരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ആംനെസ്റ്റി പോലുള്ള സംഘടനകള്‍ക്ക് ഇന്ത്യാവിരുദ്ധ അജന്‍ഡ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാകുമോ? അവരുടെ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാല്‍ ‘ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെ’ന്നാണ് മറുപടി പറയുക. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അതില്‍ സ്വകാര്യതയും ഉള്‍പ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തേയും ഇതുപോലെ ചില വാര്‍ത്തകള്‍് പുറത്തുവിട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പെഗസസ് കഥയുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന തരത്തിലുളള യാതൊരു തെളിവുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.