Latest NewsNationalNewsUncategorized

കർഷക പ്രക്ഷോഭത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

ന്യൂ ഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിൽ സമരം ചെയ്തിരുന്ന ഹരിയാണ സ്വദേശി കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്തത്.

ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് ജീവിക്കാൻ ആഗ്രഹമില്ലെന്നും ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്നും ഈ കുറിപ്പിലുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കരംവീർ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കർഷകരിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി. അതേസമയം സമരം കൂടുതൽ ശക്തമാക്കാനാണ് കിസാൻ സംയുക്ത മോർച്ചയുടെ തീരുമാനം. രാജ്യമെമ്പാടും മഹാ പഞ്ചായത്തുകൾ സംഘടിപ്പിച്ച് സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.

അതേസമയം ജനുവരി 26-ലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളെ കിസാൻ സംയുക്ത മോർച്ച പുറത്താക്കിയിട്ടുണ്ട്. ഭാരതീയ കിസാൻ ക്രാന്തികാരി, ആസാദ് കിസാൻ കമ്മിറ്റി എന്നീ സംഘടനകളെയാണ് പുറത്താക്കിയിരിക്കുന്നത്. ജനുവരി 26-ലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റൂട്ട് മാപ്പ് ഇവർ ലംഘിച്ചുവെന്നും ഇതേ തുടർന്നാണ് ചിലയിടങ്ങളിൽ സംഘർഷം ഉണ്ടായതെന്നുമാണ് കിസാൻ സംയുക്ത മോർച്ച വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിസാൻ സംയുക്ത മോർച്ചയിൽനിന്ന് ഈ രണ്ടു സംഘടനകളെ പുറത്താക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button