ഒരറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ജോസിന് മാണിയോളം ശക്തിയും,വീറും.

മാണിക്ക് ശേഷം ജോസഫിനെ കേരള കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം നെഞ്ചിലേറ്റുമെന്ന, നടക്കാത്ത കണക്കുകൾ കൂട്ടി വെട്ടിലായ യു ഡി എഫ് നേതൃത്വം ഒടുവിൽ നിലപാട് മാറ്റി. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും, ജോസ് പുറത്തല്ല അകത്താണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പറയേണ്ടി വന്നു. ജോസ് കെ മാണിയുമായി അനുനയ ചർച്ചക്ക് യുഡിഎഫ് തയ്യാറാകുമ്പോൾ, മുസ്‌ലിം ലീഗ് മധ്യസ്ഥതക്കും, ചർച്ചകൾക്കും റെഡിയായി നിൽക്കുകയാണ്. മാണിയുടെ മരണത്തോടെ പാർട്ടിയെയും, പാർട്ടിയുടെ ചിഹ്നവും കൊടിയും വരെ അടിച്ചുമാറ്റി, പാർട്ടിതന്നെ സ്വന്തമാക്കാൻ രാഷ്ട്രീയ ഗോഥായിലെ പണി മുഴുവൻ പയറ്റി ഒടുവിൽ കേന്ദ്ര തെരെഞ്ഞെടുപ്പുകമ്മീഷൻറെ മുന്നിൽ ജോസ്ഫ്ഉം കൂട്ടരും മുട്ടുകുത്തി വീണപ്പോൾ,വിജയം കണ്ടത് കേരളത്തിലെ, ഒരുകാലത്തെ രാഷ്ട്രീയ സിംഹമായിരുന്ന കെ എം മാണിയുടെ മകൻ ജോസ് കെ മാണി തന്നെ.
ജോസഫിന്റെ അനുയായികൾ രാഷ്ട്രീയ ലാക്കോടെമാത്രം കുറ്റപ്പെടുത്തുകയും, അവരുടെ മുന്നിൽ ഒരു രാഷ്ട്രീയ നേതാവിനോളം കഴിവില്ലാത്തവനായും ഒക്കെ കുറ്റപ്പെടുത്തപ്പെട്ട ജോസ് കെ മാണിക്ക് ഒരറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മാണിയോളം ശക്തിയും, വീറും,രാഷ്ട്രീയ കരുത്തും ഒക്കെ വന്നിരിക്കുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വോട്ട് ചെയ്യാത്തതിനെ തുടർന്ന് മുന്നണിയൽ നിന്ന്
ജോസ് വിഭാഗത്തെ പുറത്താക്കാൻ വരെ നീക്കം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിധി വരുന്നത്. ഇതോടെ യുഡിഎഫ് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. യഥാർത്ഥ കേരള കോൺഗ്രസ് എം എന്നത് ജോസ് കെ മാണിയുടേതാണെന്നും, ചിഹ്നം ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്സിന്റെതാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയെഴുതിയതോടെ ഞെട്ടിപ്പോയത്, ജോസഫ് മാത്രമായിരുന്നില്ല, യു ഡി എഫ് കൂടിയായിരുന്നു. യു ഡി എഫ് കൺവീനർ സ്ഥാനത്തിരുന്നു ബെന്നി ബെഹന്നാൻ വായ്ക്ക് തോന്നിയപോലെ വിളിച്ചു പറഞ്ഞതും പൊട്ടത്തരമായി.
സ്വന്തം തട്ടകത്തിലേക്ക് ജോസ് വിഭാഗത്തെ മാടി വിളിക്കുന്ന എൽ ഡി എഫ് ആകട്ടെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ ജോസ് കൂടെ വന്നാൽ ഒരനുഗ്രഹമാണെന്നു കാണുമ്പോൾ, ജോസിനെ വിട്ടാൽ പണിപാളുമെന്നു യു ഡി എഫിന് മനസ്സിലായിരുന്നു. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവരെയാണ് കേരളാകോൺഗ്രസ് എമ്മുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നിയോഗിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന യുഡിഎഫ് യോഗം ജോസ് കെ മാണിയുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യും. വ്യാഴാഴ്ച ചേരാൻ തീരുമാനിച്ചിരുന്ന മുന്നണി യോഗം മാറ്റിയത് ഇക്കാര്യത്തിൽ വ്യക്തത വരാത്തത് കൊണ്ടുകൂടിയാണെന്നാണ് വിവരം. ഇക്കാര്യത്തിൽ ജോസിന്റെ നിലാപാടാണ് യു ഡി എഫ് ഉറ്റുനോക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ തങ്ങളുടെ തീരുമാനം അംഗീകരിക്കാതെ വന്നതോടെയാണ് ജോസ് വിഭാഗത്തിനെതിരെ കോട്ടയത്തെ ചില ജോസഫിനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത് കേട്ട് യുഡിഎഫ് രംഗത്ത് വരുന്നത്. അതേസമയം, കേരള കോൺഗ്രസ് എമ്മിൻറെ ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് ലഭിച്ചതോടെ പാർട്ടിയോടുള്ള നിലപാട് മാറ്റുക എന്നത് കോൺഗ്രസിന്റെയും, യു ഡി എഫിന്റെയും ആവശ്യമായി വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോസ് തങ്ങളുടെ മുന്നണിയിൽ തന്നെയാണെന്ന് പറഞ്ഞതും ഈ നിലപാടിൻറെ ഭാഗമാണെന്ന് തന്നെ വേണം കരുതാൻ. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പുറമെ തങ്ങളുടെ എംഎൽഎമാരെ അയോഗ്യരാക്കാതെ സംരക്ഷിക്കാൻ കൂടിവേണ്ടിയാണ് യുഡിഎഫ് നേതൃത്വത്തിൻറെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓഗസ്റ്റ് 24ന് നടന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിലും പിണറായി സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച എംഎൽഎമാർക്കെതിരെ ജോസ് വിഭാഗം നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ പിജെ ജോസഫും മോൻസ് ജോസഫും അയോഗ്യരാവും എന്ന അവസ്ഥയാണ് നിലവിലുള്ളത്. അംഗീകരിക്കപ്പെട്ട പാർട്ടി എന്ന നിലയിൽ റോഷി അഗസ്റ്റിൻറെ വിപ്പിനാണ് ഇക്കാര്യത്തിൽ പ്രധാന്യം നിൽക്കുന്നത്. ഇരുവരും യുഡിഎഫിന് അനുകൂലമായി നിന്നതോടെ പാർട്ടി വിപ്പ് ലംഘിച്ചിരിക്കുകയാണ്. സിഎഫ് തോമസ് ജോസഫിനൊപ്പമാണെങ്കിലും നിയസഭയിൽ ഹാജരായിരുന്നില്ല. അതുകൊണ്ടു തോമസിന് വിപ്പ് ബാധകമാകില്ല.
അവിശ്വാസ പ്രമേയം സഭയിലെത്തുന്നതിൻറെ തലേനാൾ ജോസ് കെ മാണി വിഭാഗത്തിന് കർശന മുന്നറിയിപ്പു നൽകിയ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ, മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയാണ് ജോസ് വിഭാഗത്തിന് നൽകിയിരുന്നത്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ട് നിൽക്കണമെന്നായിരുന്നു ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നത്. ജോസ് വിഭാഗം എംഎൽഎമാർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളുകയും ചെയ്തിരുന്നു. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നുമായിരുന്നു ജോസ് കെ മാണി അപ്പോൾ ചോദിച്ചിരുന്നത്.
പിജെ ജോസഫ് വിഭാഗത്തെ അനുകൂലിച്ച് നിലപാടെടുക്കുകയും അവിശ്വാസപ്രമേയത്തെ അനുകൂലിക്കാതിരുന്നാൽ കർശന നടപടിയെടുക്കുമെന്നും പറഞ്ഞിരുന്ന യുഡിഎഫ് ഒടുവിൽ നിലപാട് മാറ്റി. യുഡിഎഫിനകത്താണ് ജോസ് വിഭാഗമെന്ന് രമേശ് ചെന്നിത്തല പറയുമ്പോഴും മുന്നണി വിഷയത്തിൽ തങ്ങളുടെ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞിട്ടുള്ളത്. ‘ഇനി മുതൽ ജോസ് പക്ഷമില്ല. കേരളാ കോണഗ്രസ് എം മാത്രമാണ് ഉള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് മുന്നണികാര്യത്തിൽ കേരള കോൺഗ്രസ്സ് എം നിലപാട് പ്രഖ്യാപിക്കും. എല്ലാ മുന്നണിയോടും തുല്യ അകലത്തിലാണ് മാണിയുടെ പാർട്ടി. പക്ഷെ റോഷി അഗസ്റ്റിൻറെ വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കാനുള്ള നടപടികളുമായി കേരള കോൺഗ്രസ് എം മുന്നോട്ടു തന്നെ പോകും.