
മുംബൈയിലെ ലോക്കൽ ട്രെയിൻ അപകടങ്ങളിൽ മരിക്കുന്നവരിൽ മൂന്നിലൊന്ന് പേരെയും തിരിച്ചറിയുന്നില്ലെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ 17 വർഷത്തിനിടെ ട്രെയിനിൽ നിന്ന് വീണ് 50,000 പേർ മരിച്ചിട്ടുണ്ടെന്നും, ഇതിൽ 15,725 പേരുടെ തിരിച്ചറിയൽ ഇന്നും നടക്കാത്തതാണെന്നും രേഖ വ്യക്തമാക്കുന്നു.
2008 മുതൽ 2024 വരെ ശേഖരിച്ച കണക്കുകൾ പ്രകാരം, തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ ഭവനരഹിതർ, ദിവസവേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയവരാണ് കൂടുതലും.
ലോക്കൽ ട്രെയിനിൽ നിന്ന് വീണ് രണ്ടു കാലുകളും നഷ്ടപ്പെട്ട വിവരാവകാശ പ്രവർത്തകനാണ് അപകടങ്ങളുടെ വിശദാംശങ്ങൾ തേടി അപേക്ഷ സമർപ്പിച്ചത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ 45 ദിവസത്തിന് ശേഷം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിക്കപ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു.
മുംബ്രയിൽ ട്രെയിനിൽ നിന്ന് വീണ് അഞ്ചുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ സംവിധാനത്തെക്കുറിച്ച് കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
Tag: One- third of train accident victims remain unidentified, RTI document reveals