Kerala NewsLatest NewsLaw,NewsPolitics

ജനങ്ങളുടെ പണം മുടക്കി കോടതിയെ സമീപിക്കാന്‍ നാണമില്ലേ ഈ സര്‍ക്കാരിന്; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെമാല്‍ പാഷ

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്‍ക്കും കോടതി വിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നും കെമാല്‍ പാഷ പറഞ്ഞു. ഇത്തരം കേസുകളില്‍ സ്പീക്കര്‍ക്കല്ല പരമാധികാരമെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. ‘ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. പൊതുമുതലാണ് നശിപ്പിച്ചത്. സ്പീക്കറുടെ സ്വന്തം വകയല്ല അതൊന്നും. ജനങ്ങളുടേതാണ്. പൊതുമുതല്‍ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാല്‍ നിയമപരമായി അതിന്റെ വിചാരണ നേരിടണം. അതിനു പകരം ജനങ്ങളുടെ പണം മുടക്കി കോടതിയെ വീണ്ടും വീണ്ടും സമീപിക്കുക. നാണമില്ലേ ഈ സര്‍ക്കാരിന് ഇത് ചെയ്യാന്‍. സാമാന്യ ബുദ്ധി ഉള്ളൊരാള്‍ക്ക്, തലച്ചോറ് അല്‍പ്പമെങ്കിലും ഉള്ളൊരാള്‍ക്ക് മനസ്സിലാവും ഇത് ഒരു കോടതിയും ഇതെടുക്കുകയില്ലെന്ന്,’ കെമാല്‍ പാഷ പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രിവിലേജല്ല ഇതൊന്നും. ഒരു ക്രിമിനല്‍ കുറ്റം ചെയ്യുക എന്ന് പറയുന്നതിന് പ്രിവിലേജല്ല. എല്ലാവര്‍ക്കും ഒരേ നിയമമാണിവിടെയെന്നും കെമാല്‍ പാഷ പറഞ്ഞു.

2015 ലെ നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണം. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button