CinemaKerala NewsLatest News

സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച്‌ അദ്ദേഹം യാത്രയായത്. ഒരു വര്‍ഷം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് ആരാധകരും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ വഴി കുറിപ്പുകള്‍ പങ്കിടുകയാണ് സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സിനിമാ ലോകത്തിനു മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനും ആ വിയോഗം നല്‍കിയത് കനത്ത ആഘാതമായിരുന്നു.

സിജിയാണ് സച്ചിയുടെ പ്രിയതമ. അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍ സിജി ആലപിച്ച ഗാനം ഏറെ വൈറല്‍ ആയിരുന്നു. ‘നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ; നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ; എന്ന് തുടങ്ങുന്ന വരികള്‍ ആയിരുന്നു സിജി ആലപിച്ചത്. ‘ഞാന്‍ മരിക്കുകയല്ല. ഞാനാണ് പ്രണയത്തില്‍ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തില്‍ മരിച്ചവര്‍’ എന്ന വരികള്‍ ആണ് സിജി പങ്കിട്ടത്.

2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്.

കോളേജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സച്ചി. മുപ്പതോളം അമ്വചര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സച്ചി നൂറോളം വേദികളില്‍ നടനായിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദം ഉണ്ടായിരുന്നില്ല. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. സച്ചി അവസാനം സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. നടന്‍ പൃഥ്വിരാജുള്‍പ്പെടെയുളള നിരവധിപേര്‍ അദ്ദേഹത്തിനെ അനുസ്മരിച്ച്‌ ഫെയ്സ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button