അടുക്കളയെ കരയിച്ച് ഉള്ളി വില

സംസ്ഥാനത്ത് സവാള വില കുത്തനെ ഉയരുന്നത് തീൻമേശയെ താളം തെറ്റിക്കുന്നു . പച്ചക്കറി വില മൊത്തമായി ഉയരുന്നതിനിടയിലാണ് കുടുംബ ബജറ്റ് താളം തെറ്റിച്ച് ഉള്ളി വില റോക്കറ്റിന് സമാനം കുതിക്കുന്നത്. ഒരു കിലോ ഉള്ളിക്ക് ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 40-44 രൂപയായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ വില. ചെറിയ ഉള്ളിയുടെ വിലയും മേൽപ്പോട്ട് തന്നെയാണ്. കിലോയ്ക്ക് 90-100 രൂപ വരെയാണ് വില.
നാസിക്, പുണെ, അഹമ്മദ് നഗർ മാർക്കറ്റുകളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ സവാള എത്തുന്നത്. ചൊവ്വാഴ്ച അവിടങ്ങളിലെ മൊത്തവില 90 രൂപയായി ഉയർന്നു. ഇതിനുപുറമേ ഏഴ് ശതമാനം കമ്മിഷനും ഒരു ശതമാനം മാർക്കറ്റ് സെസ്സും കൊടുക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം അടുത്തദിവസങ്ങളിൽ കേരളത്തിലെ വിൽപ്പനവില നൂറുകടക്കും. വിലകൂടുന്ന പ്രവണതയുള്ളതിനാൽ മഹാരാഷ്ട്രയിലെ ഇടനിലക്കാർ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും വിവരമുണ്ട്.
കൃഷിനാശംമൂലം ഉത്‌പാദനം കുത്തനെ കുറഞ്ഞതാണ് വില കൂടാൻ കാരണം.പുണെ സവാള(വെള്ള)യുടെ ഉത്‌പാദനം കുറയുമ്പോൾ മുൻകാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കർണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാൽ വില നിയന്ത്രിക്കാനാകുമായിരുന്നു. ഇക്കൊല്ലം കർണാടകയിൽ ഏതാണ്ട് പൂർണമായും കൃഷി നശിച്ചു. മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്‌പാദനം വളരെ കുറവാണ്.അധികമഴയും വെള്ളപ്പൊക്കവുമാണ് കൃഷി നാശത്തിന് കാരണം.തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.
കോയമ്പത്തൂർ, മേട്ടുപ്പാളയം, ചുരണ്ട, പാവൂർ സത്രം മാർക്കറ്റുകളിലും ഉള്ളിക്ക് 95-100 രൂപയാണിപ്പോൾ. നാഫെഡിന്റെ (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) മൊത്തവിലയിലും കിലോഗ്രാമിന് 20 രൂപയുടെ വർധനയുണ്ട്.
ഓണക്കാലത്ത് 25-28 രൂപയായിരുന്ന സവാളവില, പിന്നീട് പെട്ടെന്നുകൂടി 40-50 രൂപ വരെയായി. ഈ സമയത്ത് സവാള കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.
അതേ സമയം വില പിടിച്ചുനിർത്താൻ ശ്രമിക്കുമെന്ന് ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ.സജീവ് പറഞ്ഞു. നാഫെഡിൽ
നിന്ന് രണ്ട് ലോഡ് സവാള ബുധനാഴ്ചയെത്തും. ഇതോടെ കിലോഗ്രാമിന് 50 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കാൻ കഴിയും. വില ഉയരുന്ന സാഹചര്യത്തിൽ സംഭരിച്ച വിലയ്ക്കുതന്നെ സവാള ലഭ്യമാക്കണമെന്നുകാട്ടി നാഫെഡിന് കത്തുനൽകും. അങ്ങനെ വന്നാൽ ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകളിൽ വിലകുറച്ച് വിൽക്കാൻ കഴിയും. ഇത് വഴി പൊതുവിപണിയിലെ വില പിടിച്ചുനിർത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി