ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്; അശ്ലീല സന്ദേശങ്ങള്‍ അയക്കും; പരാതിയുമായി വിദ്യാര്‍ത്ഥികള്‍
ചെന്നൈ: സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ കെ.കെ. നഗര്‍ പി.എസ്.ബി.ബി. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ടാണ് അധ്യാപകന് എത്തുന്നതെന്നും തങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ലൈംഗികച്ചുവയോടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥികളോട് ഇടപഴകുന്നതെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടികളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്കാന് അധ്യാപകന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരസ്യമായാണ് രംഗത്തെത്തിയിരിക്കുന്നത്.
അധ്യാപകന് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നതായുമാണ് പൂര്വ്വവിദ്യാര്ഥികള് പറയുന്നത്. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സംഭവം വിവാദമായതോടെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.