വെന്റിലേറ്റര്‍ ആവശ്യമായി വരുന്നവരിലധികവും യുവാക്കള്‍; കോവിഡ് ബാധിതരില്‍ പ്രാണവായു കുറയുന്നു
കൊല്ലം: മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ടെന്നും അതിജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും കൊല്ലം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. ശ്രീലത അറിയിച്ചു. ശരീരവേദനയും ശ്വാസംമുട്ടലുമാണ് പ്രധാന ലക്ഷണം.
ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസ്സിന് താഴെയുള്ളവരാണ്. പ്രായമേറിയവരിലും ഓക്സിജെന്റ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസ്സാരമായി കാണരുത്.
ജീവിതശൈലീരോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം എന്നിവ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിദേശമനുസരിച്ച് ചെയ്യുകയും വേണം.
60ന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിതശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.