പുതുപ്പളളി വിട്ട് പോകല്ലേ..’; പൊട്ടിക്കരഞ്ഞ് പ്രവര്‍ത്തകര്‍, കണ്ണുനിറഞ്ഞ് ഉമ്മന്‍ ചാണ്ടി

കോട്ടയം: ‘ഒരു വാക്ക് പറയ് സാറേ…. പുതുപ്പളളി വിട്ട് പോകല്ലേ….., ചതിവിന് കൂട്ടുനില്‍ക്കല്ലേ…., സാറിന് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ വോട്ട് ചെയ്‌ത് തുടങ്ങിയതാണ്. ഇനിയും സാറിന് തന്നെ വോട്ട് ചെയ്യണം…’ എന്നിങ്ങനെ പറഞ്ഞായിരുന്നു പ്രവര്‍ത്തകരുടെ പൊട്ടികരച്ചില്‍.
ഉമ്മന്‍ ചാണ്ടി മണ്ഡലം മാറരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പളളിയില്‍ നാടകീയ രംഗങ്ങള്‍. വീട്ടിലെ ജനാലയ്‌ക്കരകില്‍ നിന്ന ഉമ്മന്‍ ചാണ്ടിയുടെ കൈ പിടിച്ചാണ് പ്രവര്‍ത്തകര്‍ കരഞ്ഞ് നിലവിളിച്ചത്. പ്രവര്‍ത്തകര്‍ കരയുന്നത് കണ്ട ഉമ്മന്‍ ചാണ്ടിയും വികാരധീനനായി.
മുതിര്‍ന്ന നേതാവ് കെ സി ജോസഫ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍ അടക്കം ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്. വീടിന് ചുറ്റുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയിരിക്കുന്നത്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുളളവരാണ് ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
ആള്‍ക്കൂട്ടം എന്നും ആവേശമായ ഉമ്മന്‍ ചാണ്ടി തനിക്ക് വേണ്ടി ഒന്നിച്ചുകൂടിയവര്‍ക്കിടയില്‍ പ്രായസത്തോടെയാണ് നിലയുറപ്പിച്ചത്. ഇപ്പോള്‍ ബൂത്ത് ഭാരവാഹികള്‍ മുതല്‍ ഡി സി സി ഭാരവാഹികള്‍ വരെയുളളവരുമായി വീടിനുളളില്‍ അദ്ദേഹം ചര്‍ച്ച നടത്തുകയാണ്. ഇതിനുശേഷം നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.