തലകറങ്ങി താഴെ വീഴവേ രക്ഷകനായി, യുവാവിന് ജോലി നല്കി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

കേരള ബാങ്കിന്റെ വടകര എടോടി ശാഖകെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് തലകറങ്ങി താഴേക്ക് വീണയാളെ രക്ഷിച്ച യുവാവിന് ജോലി നല്കി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപറേറ്റീവ് സൊസറ്റി.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് വീണത്. തൊട്ടടുത്ത് നിന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ലേബര്‍ സൊസൈറ്റിയില്‍ ജോലി ലഭിക്കുക.
ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്മാന് ഉപഹാരവും നല്കി.
ഈ മാസം 18നായിരുന്നു സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനു പെട്ടെന്ന് പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്‍ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു.
ഒരു കാലിലാണ് പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ക്കൂടി പിടിച്ചു. പിന്നീട് ബഹളം കേട്ട് അവിടെയുണ്ടായിരുന്ന മറ്റാളുകളും ബാങ്കിലെ ഗണ്‍ മാന്‍ വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.