തീവണ്ടിയിൽ സ്ത്രീകൾക്ക് ഇനി പേടി വേണ്ട; കൂട്ടിന് ‘മേരി സഹേലി’ ഉണ്ട്.

തീവണ്ടികളിൽ സ്ത്രീകൾക്ക് തനിച്ചുള്ള യാത്രകൾ പേടി സ്വപനമായി മാറുന്ന സാഹചര്യത്തിൽ പരിഹാരവുമായി ദക്ഷിണ റെയിൽവെ യുടെ മാതൃക പദ്ധതി വരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കാനായി ആർ.പി.എഫിന്റെ പെൺസംഘങ്ങളെ രൂപീകരിച്ചണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.റെയിൽവേയുടെ പുതിയ സംരംഭത്തിന് മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്നാണ് പേരിട്ടിരിക്കുന്നത്. യാത്രയുടെ തുടക്കംമുതൽ ഒടുക്കംവരെ ഇവർ ഒപ്പമുണ്ടാകും. മേരി സഹേലിയുടെ 17 സംഘങ്ങൾ ദക്ഷിണ റെയിൽവേരൂപവത്കരിച്ചു.
വിശദമായ മാർഗ്ഗരേഖയാണ് പദ്ധതിക്കായ് തയ്യാറാക്കിയി രിക്കുന്നത്.ഓട്ടം തുടങ്ങുന്ന സ്റ്റേഷനിൽനിന്നുതന്നെ റെയിൽവേ പോലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളിൽ കയറും. യാത്ര അവസാനിക്കുംവരെ അവർ തീവണ്ടിക്കുള്ളിൽ റോന്തുചുറ്റിക്കൊണ്ടിരിക്കും വനിതായാത്ര ക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് ആദ്യപടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുമായി നിർബന്ധമായും സംസാരിക്കണ മെന്നാണ് സംഘത്തിന് നൽകിയിരിക്കുന്നനിർദേശം. ആർ.പി.എഫ്. സംഘം വനിതായാത്രക്കാരുടെ സീറ്റ് നമ്പരുകൾ ശേഖരിച്ച്, വഴിമധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും. സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുള്ളവർ ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കോച്ചുകളും ബെർത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ വനിതായാത്രക്കാരെ സഹായിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
യാത്രയ്ക്കിടെ സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ ആർ.പി.എഫ്. ഹെൽപ്പ്ലൈൻ നമ്പറായ 182ൽ വിളിക്കാവുന്നതാണെന്ന് നിർദ്ദേശം നൽകും. സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളി വന്നാൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ നടപടി സ്വീകരിക്കും. തിരുവനന്തപുരം ഡിവിഷനുകീഴിൽ നാഗർകോവിൽ, തിരുവനന്തപുരം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ മംഗലാപുരം സെൻട്രൽ സ്റ്റേഷനിലുംനിന്ന് യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവരുടെ സേവനം ലഭ്യമാകുക. പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിനായി യാത്രക്കാരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച് ആവശ്യമായ മാറ്റം വരുത്തും.തീവണ്ടികളിൽ നിന്നിറങ്ങുന്ന യാത്രക്കാരിൽനിന്ന് കൂട്ടുകാരി ടീമിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രതികരണങ്ങൾ ശേഖരിക്കും.