
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 29-ന് പാർലമെന്റിൽ നടക്കും. 16 മണിക്കൂർ നീളുന്ന സമഗ്രചർച്ച ആകും നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി (BAC) യോഗത്തിലാണ് ചർച്ചക്ക് പ്രത്യേക സമയം നീക്കിവെക്കാൻ തീരുമാനമായത്. രാജ്യസഭയിൽ ചർച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബി.ജെ.പി നേതാവ് ഷാമിക് ഭട്ടാചാര്യ അവതരിപ്പിക്കും.
സര്‍വകക്ഷി യോഗത്തിൽ പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ബീഹാർ വോട്ടർ പട്ടിക വിവാദം, അഹമ്മദാബാദ് വിമാന ദുരന്തം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം സമഗ്രചർച്ച ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദി ഇരു സഭകളിലും വിശദീകരണം നൽകണമെന്നും പ്രതിപക്ഷം അതിൽ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
ലോക്സഭയുടെയും രാജ്യസഭയുടെയും ബിസിനസ് ഉപദേശക സമിതികൾ ചേരുമ്പോൾ, ഇത്തരം വിഷയങ്ങളിൽ വിശദമായ ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകി.
മൺസൂൺ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, ഓപ്പറേഷൻ സിന്ദൂരിനൊപ്പം മറ്റ് പ്രധാന വിഷയങ്ങളെയും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. “ഒരു വിഷയത്തിൽ നിന്നും സർക്കാർ പിന്തിരിയില്ല. സഭയുടെ സുസ്ഥിര പ്രവർത്തനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” – അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കിരൺ റിജിജു. “ഓപ്പറേഷൻ സിന്ദൂർ പോലുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ പൂർണ്ണമായി തയ്യാറാണ്. അതിന് വേണ്ടി സർക്കാർ-പ്രതിപക്ഷ ഏകോപനം അനിവാര്യമാണ്,” – അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിര്‍ത്തൽ സംബന്ധിച്ച് ഉന്നയിച്ച അവകാശവാദങ്ങളും പ്രതിപക്ഷം ചർച്ച ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. പാർലമെന്റിനകത്താണ് സർക്കാർ പ്രതികരിക്കേണ്ടതെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി സ്വയം പാർലമെന്റിൽ പങ്കെടുക്കും, സ്വതന്ത്രമായ സംവാദത്തിന് സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം ചേർത്തു.
Tag: Operation Sindoor: 16-hour long debate in Parliament on July 29; PM Modi and ministers to participate